മോഹൻലാലിനെ നായകനാക്കി തന്റെ നൂറാം ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പ്രിയദർശൻ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലേയ്ക്ക് മോഹൻലാലിന്റെ അച്ഛനാകാൻ നടനെ തേടുകയാണെന്ന് പ്രിയദർശൻ പറഞ്ഞു.
ഹിന്ദി ചിത്രം ഹായ്വാന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിലേയ്ക്ക് കടക്കുക. മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രിയദർശൻ പങ്കുവച്ചത്.
'മോഹന്‍ലാലിനൊപ്പമുള്ള സിനിമ നവംബറില്‍ ആരംഭിക്കും. സങ്കീര്‍ണമായ സിനിമയാണ്, മ്യൂസിക്കല്‍ ആണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തെടുക്കാനുണ്ട്. കൊമേഷ്യല്‍ എന്റര്ടെയ്ന് ആയ ചിത്രത്തില്‍ 12 പാട്ടുകളുണ്ട്. ആക്ഷനുണ്ട്. കുടുംബകഥയാണ്. അച്ഛന്റെയും മകന്റെയും കഥയാണ്. രണ്ടു പേരും കര്‍ണാടിക് ഗായകരാണ്.
അച്ഛനായി പുതുമുഖത്തെയാണ് നോക്കുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം അറിയണം. കഥ കളിയും അറിഞ്ഞിരിക്കണം. അച്ഛനെ കാസ്റ്റ് ചെയ്യുക വെല്ലുവിളിയാണ്.
എസ്പി ബാലസുബ്രഹ്മണ്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് അച്ഛന്റെ വേഷം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചേനെ. മോഹന്‍ലാല്‍ നന്നായി പാടും. സിനിമകളില്‍ പാടിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ല'' പ്രിയദര്ശന് പറഞ്ഞു.
ആശിര്‍വാദ് സിനിമാസാണ് പ്രിയദര്‍ശന്റെ 100ാമത്തെ ചിത്രം നിര്‍മിക്കുന്നത്. ബിനു ജോര്‍ജ് അലക്സാണ്ടര്‍ സഹനിര്‍മാതാവാണ്.